കവിത

കനല്‍പ്പൂവ്

സ്നിഗ്ധത മോഹിച്ച്, അരികിലെത്തുന്നവരെയെല്ലാം
കരിച്ചുകളയും കനല്‍പ്പൂവാണ് ഞാന്‍ 
എന്‍റെ വാക്കുകള്‍ക്കെന്നും മരണത്തിന്‍ മണമായിരുന്നു 
ഞാന്‍ പറഞ്ഞവയ്‌ക്കും, ഞാനെഴുതിയവയ്ക്കും
മരണത്തിന്‍ സുഗന്ധമായിരുന്നു.
ഞാനൊരു കണ്ണുനീര്‍തുള്ളിയാണെങ്കിലും
വീണു പൊട്ടി ച്ചിതറാന്‍ കൊതിക്കുന്നില്ല
സ്നേഹത്തിന്‍റെ ചൂടില്‍ ഒരു പാടുപോലു-
മവശേഷിപ്പിക്കാതെ വറ്റിപ്പോകണമെനിക്ക്
ജലം പോലെബാഷ്പീകരിക്കപ്പെട്ട്
അപ്രത്യക്ഷയാവണം.
കടല്‍വെള്ളം പോലുയര്‍ന്ന്‍ മഴയായ്‌
പെയ്യണമെനിക്ക്
കനലില്‍ എന്‍ ശരീരത്തെ വേവാന്‍ വിട്ട്,
ഒരു മെഴുകുവണ്ടിയായ്‌
മരണപാളത്തിലേക്ക് കുതിക്കണമെനിക്ക്.

എഴുതിയത് : NILEENA AK GRHSS S2B {2011-12}


ലൌ ജിഹാദ്‌

അജ്മീറില്‍ നിന്നെത്തിയ കാറ്റിന്
അമ്പലക്കുളത്തിലെ താമരയോട് പ്രണയം 
അമ്പലനട തുറന്നില്ല, മുക്രിമാര്‍ ബാങ്കുവിളിച്ചില്ല
നാടു മന്ത്രിച്ചു ; "ഹോ, ലൌ ജിഹാദ്‌"

എഴുതിയത് : THASNEEM V.P GRHSS S2A {2011-12}