ഒരു തീരാക്കാഴ്ച്ച.
നാം ഓരോ യാത്ര ചെയ്യുമ്പോഴും നമുക്ക് ലഭിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ആ അനുഭവങ്ങളെല്ലാം നാം ജീവിതത്തിന്‍റെ ഓര്‍മക്കുറിപ്പില്‍ ഓരോ താളുകളായി സൂക്ഷിക്കണം. മധ്യവേനലവധി എനിക്ക് സമ്മാനിച്ചത് മൂന്നാറിലേക്കൊരു യാത്രയായിരുന്നു. മൂന്നാറിലെ അളവറ്റ പ്രകൃതി സൗന്ദര്യമാണ് മൂന്നാറിനെ ഒരു വിനോദ സഞ്ചാരത്തിന്‍റെ പാതയിലേക്ക് കാലെടുത്തുവക്കാന്‍ സഹായിച്ചതെന്നു തോന്നും. കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചകളും മനം കുളിര്‍പ്പിക്കുന്ന കാലാവസ്ഥയും മൂന്നാറിനെ മനോഹരിയാക്കി മാറ്റി.
പച്ചപ്പരവതാനിപോലെ നീണ്ടു കിടക്കുന്ന പുല്‍പ്രദേശങ്ങളും മലകളും റോഡിനിരുവശവും നിരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ മൂന്നാറിന്‍റെ മാറ്റു കൂട്ടുന്നു. നീണ്ടു നിവര്‍ന്ന് നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഈ തേയിലത്തോട്ടങ്ങള്‍ മൂന്നാറിനെ സൗന്ദര്യത്തിന്‍റെ അങ്ങേയറ്റത്തെത്തിക്കുന്നു. മലമേടുകളില്‍ ഉറങ്ങിക്കിടക്കുന്ന മഞ്ഞ് അവയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊരു തടസവുമായെത്തി. ഈ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം മറ്റേതു പ്രദേശത്താണ് നമുക്ക് കാണാന്‍ കഴിയുക? മലമുകളിലെ തണുപ്പില്‍ ഉറക്കം തൂങ്ങി നില്‍ക്കുന്ന ഒരു കൊച്ചു ഗ്രാമത്തെപ്പോലെ അവിടെ തോന്നി.
ഈ ദൃശ്യങ്ങള്‍ക്കൊപ്പം മൂന്നാറെന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവ രുടെയും മനസ്സിലേക്കോടിയെത്തുക നീലക്കുറിഞ്ഞിയും വരയാടുകളുമാണ്. പാറക്കെട്ടുകളിലൂടെ മിന്നല്‍ വേഗതയില്‍ പായുന്ന വരയാടുകളെ കാണാനായത് ഇരവികുളം നാഷണല്‍ പാര്‍ക്കിലാണ്. പക്ഷേ നീലക്കുറിഞ്ഞികള്‍ പൂക്കുന്ന കാലമാകാത്തതുകൊണ്ട് തന്നെ അവയെ കാണാന്‍ കഴിഞ്ഞില്ല. നിരാശ തോന്നി. എന്നാലും എത്ര വരയാടുകളെ കണ്ടു !
പിന്നീടു കണ്ടത് മാട്ടുപെട്ടി ഡാം ആയിരുന്നു നിരവധി സഞ്ചാരികള്‍. അവരെ ആകര്‍ഷിക്കാനായി കരകൗശല വസ്തുക്കള്‍ നിറഞ്ഞ കുറെ കടകള്‍. തീരെ പ്രതീക്ഷിക്കാതെയെത്തിയ ചെറിയ തോതിലുള്ള മഞ്ഞ് കാഴ്ചകളില്‍ പലതിന്‍റെയും സൗന്ദര്യം ആസ്വദിക്കാന്‍ തടസ്സം സൃഷ്ടിച്ചു. ഹരിതവനങ്ങള്‍ നിരവധിയുള്ള മൂന്നാറിലെ പുത്തന്‍ കെട്ടിടങ്ങള്‍ പ്രകൃതി ഭംഗിക്ക് കുറച്ചൊന്നുമല്ല ക്കൊട്ടം വരുത്തുന്നത്.മടക്കയാത്രയില്‍ കാഴ്ചകളൊന്നും കാണാനായില്ല. രാത്രിയുടെ വൈകിയ വേളയിലും ചില കെട്ടിടങ്ങളില്‍ നിന്നു മിന്നിമറയുന്ന വെളിച്ചം ആകാശത്തെ ഒരു നക്ഷത്രത്തെ പോലെ തോന്നിച്ചു. ഇത് മൂന്നാറിന്‍റെ ഭംഗിയുടെ അവസാന അംശമായി തോന്നി. തീരാ കാഴ്ചകളുടെ ഓര്‍മ്മകള്‍ ഇനിയും മനസ്സില്‍...!!